Monday, March 14, 2011

കാറ്റിനും മഴത്തുള്ളിക്കും പ്രണയം



കാറ്റിനും മഴത്തുള്ളിക്കും പ്രണയം

മന്ദമായ് പാറിപ്പറന്നു ഞാന്‍ വന്നതും
മന്ദാരപ്പൂ മണം പാരില്‍ പരന്നതും
പാറിപ്പറന്ന നിന്‍ കൂന്തലില്‍ തൊട്ടതും
കാര്‍കൂന്തലത്തിന്‍ മേല്‍‍ക്കെട്ടഴിഞ്ഞതും

സ്പര്‍ശനത്താല്‍ പിന്നെ കോരിത്തരിച്ചതും
നയനങ്ങള്‍ നാണിച്ചു ഇമകളടച്ചതും
അളകങ്ങളോരോന്നും കഥകള്‍ പറഞ്ഞതും
കരിവളകളോരോന്നു ആര്‍ത്തു ചിരിച്ചതും

പാദസ്വരങള്‍ ചിലംബിച്ചു നിന്നതും
കാല്‍നഖം കൊണ്ട് നീ ഇഷ്ട്ടം പറഞ്ഞതും
ഹൃദയമാം പൊയ്കയില്‍ മുങ്ങിക്കുളിച്ചതും
ഓര്ക്കുന്നു ഞാനിന്നുമെന്‍ പ്രേമലഹരിയായ്

- ശിവദാസന്‍ എ. മേനോന്‍

Tuesday, June 9, 2009


അമ്മയോടൊരു യാത്രാമൊഴി

എന്നാണിനിയെന്റെ അമ്മയെ കാണുക-
യെന്നോര്‍ത്ത്തെന്‍ ഉള്ളു പിടഞ്ഞിടുന്നു
അന്നവസാനമാ കാല്‍കളില്‍ തൊട്ടപ്പോ-
ഴെന്നുടെ കണ്പീലികള്‍ നനഞ്ഞു

യാത്രാമൊഴിയിത്ര ശോകം നിറഞ്ഞതെ-
ന്നത്രയും നാള്‍ എനിക്കറിയില്ലല്ലോ
ഇത്രയടുപ്പമുന്ടെന്നമ്മയോടെനി-
ക്കെത്ര പറഞ്ഞാലും മതി വരില്ല

മങ്ങിത്തുടങ്ങിയ കണ്‍കളില്‍ നോക്കി ഞാന്‍
തേങ്ങിക്കരഞ്ഞുപോയോട്ടു നേരം
ച്ചുക്കിച്ചുളുങ്ങിയാ കൈകള്‍ രണ്ടും എന്റെ
വിങ്ങുന്ന തലയില്‍ വെച്ച്ചെന്നമ്മ

ഉമ്മകള്‍ നല്‍കി ഞാനാകൈകള്‍ രണ്ടിലും
അമ്മയോടോതി ഞാന്‍ പോയ്‌ വരട്ടെ
വിമ്മിഷ്ട്ടമെല്ലാം ഒളിപ്പിച്ചു വെച്ചു കൊ-
ണ്ടമ്മ നല്‍കി എനിക്കാശംസകള്‍

വീട്ടില്‍ തിരിച്ചെത്തിയെന്നാലുമിന്നെനി-
ക്കൊട്ടുനേരം പോലും ശാന്തിയില്ല
പട്ടു പോലുള്ലൊരെന്നമ്മയെ കാണാതെ
പെട്ടുപോയ്‌ ഞാനിനീ മരുഭൂമിയില്‍


ഉറക്കം തരുമെന്‍ നിദ്ര തന്‍ ദേവിയും
മറന്നു പോയോ തന്‍ കാടാക്ഷമേകാന്‍
പറന്നു പോയ്‌ നല്‍കുമോ നിദ്രയെന്ദമ്മക്കു
പറയൊന്ന് വെച്ചിടാം നേദ്യമായി

ശിവകാശിയില്‍ തന്ടെ വാസം ഉറപ്പിച്ചി-
ട്ടവകാശമെല്ലാമെന്നമ്മക്കു നല്കിയ
പാവമാം അച്ഛന്ടെ സ്ഥാനത്ത് നിന്നുകൊ-
ണ്ടാവതെല്ലാം അമ്മ ചെയതുവല്ലോ

കണ്ണുനീരാല്‍ കഴുകട്ടെ ഞാനാപാദം
വെണ്ണ പോലലിയട്ടെ വേദനകള്‍
കണ്ണികള്‍ അറ്റ് പോകാതെയിരിക്കുവാന്‍
കണ്ണുകള്‍ പൂട്ടി ഞാന്‍ കേണിടട്ടെ
0000